hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2021, മേയ് 16, ഞായറാഴ്‌ച

ഡ്രൈ ഡേ -2021

 ഡ്രൈ ഡേ -

കോവിഡും ലോക്ക് ഡൗണും ഒക്കെ ചേർന്ന് ജീവിതചര്യകളൊക്കെ മാറ്റിമറിച്ചു. നാനയും ആ ഒഴുക്കിൽ തന്നെ. പരക്കം പാഞ്ഞുള്ള സ്കൂളിലേക്കുള്ള ഓട്ടം അവസാനിച്ചതോടു ഒരു ദിവസം ആരംഭിക്കുന്നത് ഒരു 10- പത്തരമണി ഒക്കെ ആകുമ്പോഴാണ് . അങ്ങനെ തന്നെയാവണം എന്ന് നിർബന്ധവുമില്ല. അമ്മയുണ്ടാക്കുന്ന നല്ല മസാലക്കറിയുടെയോ , സാമ്പാറിന്റെയോ ഒക്കെ സ്വാദിഷ്ടമായ മണം നാസ്വാദ്വാരങ്ങളിൽ അലാറമടിക്കുന്നതാണ് സമയം.
ടൗട്ടേ ചുഴലിക്കാറ്റിന്റെ സമ്മാനമായി രണ്ടുമൂന്നു ദിവസമായി പെയ്തൊഴിയുന്ന മഴ വല്ലാതെ തണുപ്പിച്ചു മടിപിടിച്ച് അല്പം ചൂടു ചായ മോന്തി കൊണ്ടിരുന്നപ്പോ പതിവില്ലാതെ നാന ഉറക്കമെണീറ്റു വരുന്നു.
" അടുത്ത വീട്ടിലെങ്ങാനും ചിക്കൻ കറിവച്ചാ ? "
അച്ഛന്റെ ചോദ്യം മനസിലാക്കാതെ നാന മിഴിച്ചു നിന്നു തല ചൊറിഞ്ഞു കോട്ടുവാ ഇട്ടു.
"അല്ല അടുക്കളയിൽ വല്ലതും മണത്താലല്ലേ നീ എണീക്കൂ...."
ഓ ഇപ്പോ ച്ചിരി നേരത്തേ എണീറ്റതാകുഴപ്പമായത് ...... എന്നു കെറുവികൊണ്ട് നാന ബാത്ത്റൂമിലക്ക് പോയി.
കോവിഡും അടച്ചിടലും സാമ്പത്തികമായി നട്ടംതിരിഞ്ഞ കർഷകരെ മഴ വീണ്ടും ചതിച്ച കദനകഥ വാർത്ത കണ്ടിരുന്ന അച്ഛനറിയാതെ പോകുന്ന പോക്കിൽ റിമോർട്ടും കൊണ്ടാണ് നാന പോയത്.
തിരികെ വന്ന നാന ഒരു പ്രക്യാപനം നടത്തി " ഇന്ന് ഉച്ചവരെ വാർത്ത ഒക്കെ നിരോധിച്ചിരിക്കുന്നു"
ആരിൽ നിന്നും പ്രതികരണം ഒന്നും കാണാഞ്ഞിട്ട് ,
സ്വയം കാരണം വെളിപ്പെടുത്തി
ഇന്ന് നല്ല ഒരു സിനിമ ഉണ്ട് എനിക്കത് കാണനം
അപ്പോ താ അല്ലേ അലാറം അടിച്ചതു പോലെ എന്നീറ്റത് ?
അമ്മേടെ ആത്മഗതം
"എടാ നാട്ടിലാകെ പ്രശ്നങ്ങളാ മഴയും കാറ്റും വിവരങ്ങളറിയാൻ വാർത്ത കേൾക്കണ്ടേ?"
"വാർത്ത അറിയാനാണെന്നും പറഞ്ഞെല്ലെ എപ്പ നോക്കിയാലും മുബേലും തോണ്ടിക്കോണ്ടിരിക്കണത്"
നാന കൗണ്ടർ ചെയ്തു.
"ഇന്നിനി അതിലെ വാർത്തകൾ കണ്ടാ മതി"
" കാണാൻ ഏത് സിനിമയാണ ടാ അത്?"
ചുടു ചുടെ ആവി പറക്കുന്ന മസാലക്കറിയും ഇടിയപ്പവുമായി വന്ന അമ്മ
" പെൺ ക്യൂൻ""
" പെൺ ക്യൂന്നോ?
" ങ്ങാ- പെൻക്യൂൻ"
" ഓ ആ സൈക്കോ പടമോ ? വേറൊന്നും കിട്ടീലാ നിനക്ക് "
"ഹാ എന്നാ ഒരു ടേസ്റ്റാ ഈ കറിക്ക് !" ആസ്വാദനത്തിന്റെ രസമുകുളങ്ങൾ തുറന്നാസ്വദിച്ച് അച്ഛൻ
ചോദിച്ചാപ്പോലും നന്നായിട്ടുണ്ടെന്ന് ഒരു വാക്കും ഇതേ വരെ പറയാത്തയാൾ ഇന്നെന്താ ഇങ്ങനെ എന്ന് വാപൊളിച്ചു നിന്ന അമ്മയെ ഐസ് ആക്കി ബാക്കി കൂടെ അച്ഛൻ പറഞ്ഞു.
"മം.... ഇതാ പറയുന്നത് കൈപുണ്യം ! കണ്ടാ അമ്മിയേൽ അരച്ച കറിടെ ടേസ്റ്റ്! വാ അരേ വാ !"
കേടായ മിക്സി നന്നാക്കി തരാതെ കൈയൊഴിഞ്ഞിട്ട അമ്മിക്കല്ലേൽ ഇത്രേം അരച്ചു ഉണ്ടാക്കി വച്ചപ്പോ അമ്മിക്കല്ലിനാണത്ര ടേസ്റ്റ്! അമ്മിയായാലും മിക്സിയായാലും കറിവയ്ക്കണത് മമ്മിയാണന്ന വിചാരം ഇല്ലാത്ത മനുഷ്യൻ. നാന പാളി അമ്മടെ മുഖത്തേക്ക് നോക്കി.
ഈ മനുഷ്യ നിട്ട് ഒരു പണി കൊടുക്കാം
അമ്മ കുറിച്ചിട്ടു മനസ്സിൽ .
വാമ ഭാഗത്തിന്റെ തുറിച്ചു നോട്ടത്തിന്റെ പൊരുളുൾക്കൊണ്ട് അച്ഛൻ മെല്ലെ പത്രവുമെടുത്തു തടിതപ്പി.
" ഈ ഡ്രൈ എന്നു വച്ചാ എന്താ അർത്ഥം."
ഒന്നാം പേജിലെ പ്രധാന വാർത്തിയിൽ നിന്നും ഉൾപേജുകളിലേക്ക് വായനമുന്നേറുമ്പോൾ പതിയെ അടുത്തു വന്നു അമ്മ ചോദിച്ചു.
ഗാസയിൽ വീണു പൊട്ടി നാലുനില കെട്ടിടത്തിന്റെ ഉയരത്തിൽ പൊടിപടലം ചിതറുന്ന ചിത്രത്തിൽ നിന്നും കണ്ണെടുത്തു അച്ഛൻ മലർന്നു നോക്കി.
"ഡ്രൈ എന്നാൽ ഉണങ്ങിയത്, വെള്ളമില്ലാതെ എന്നൊക്കെ പറയാം" തന്റെ അറിവ് പ്രകടിപ്പിച്ച് ഞെളിഞ്ഞിരുന്നു.
" അപ്പോ ഡ്രൈ ഡേ എന്നുവച്ചാ ?"
" ഓ തത് മറ്റേത്?"
" യേത് മറ്റത് ?"
" ഒ... അതു പിന്നെ ഈ വെള്ളമില്ലാതെ ..... ഒക്കെ കഴിയണ ദിവസം"
ഇത് പറയുമ്പോ എന്താ നിങ്ങക്കൊരു നെഗളിപ്പ്?
കണ്ണടച്ച് പാൽ കുടിച്ച പൂച്ച പിടിക്കപ്പെട്ട പോലെ .......
" അതു നിങ്ങളിട്ട പേരല്ലേ ! അതല്ലല്ലോ ശരിക്കും. ഡ്രൈ ഡേ ന്നാ സാധനം കിട്ടാത്ത ദിവസം എന്നല്ലേ ?"
ഇതു പറഞ്ഞ് അല്പം ഗമയോടെയവൾ നോക്കി.
എനിക്കും കാര്യങ്ങളൊക്കെ അറിയാം അല്ലാതെ വെറുതെ വച്ചുണ്ടാക്കി അടുക്കളപ്പണി മാത്രമല്ല മനുഷ്യാ"
"അത് മാസം ഒന്നാം തിയതി ബീവറേജ് അവധിക്കല്ലേ?
" അതേ"
പിന്നെ നിങ്ങളെ മുഖമന്ത്രി ഇന്ന് ഡ്രൈ ഡേ ആചരിക്കാൻ ഇന്നലെ റ്റിവിൽ പറഞ്ഞില്ലേ?
"ഉവ്വ് പറഞ്ഞു."
"അതിപ്പോ ബീവറേജൊക്കെ അടഞ്ഞുകിടക്കേയല്ലേ പിന്നെന്താ ഈ ഡ്രൈ ഡേ ?"
"ഇതാ അറിവു കൂടിപ്പോയാ ഉള്ള കുഴപ്പം. മുഖ്യമന്ത്രി പറഞ്ഞ ഡ്രൈ ഡേ വേറെ ബീവറേജ് ഡ്രൈ ഡേ വേറെ "
"ആണല്ലേ ? അപ്പോ മുഖ്യമന്ത്രി പറഞ്ഞത് എന്താ ചേട്ടാ ?"
"മഴക്കാലം അല്ലേ വരാൻ പോകുന്നത്. ഒന്നാമത് കൊറോണ ടെ ആക്രമണം അതിന്റെ കൂടെ പകർച്ചവ്യാധികൾ കൂടെ പടർന്നാലോ?"
കിട്ടിയ അവസരം മുതലെടുത്ത് അച്ഛൻ ക്ലാസ്സ് തുടങ്ങി. ഇത്തിരി സ്വസ്തമായിട്ടിരുന്നു ഒരു സിനിമ കാണാനും സമ്മതിക്കൂ ലേ .....
റ്റി വി ടെ ശബ്ദം കൂട്ടി വച്ച് അതിന്റെയും മുകളിൽ കൂടി നാന ചൊടിച്ചു.
" അപ്പോൾ അത് സംഭവിക്കാതിരിക്കാൻ
കൊതുകകൾ പെറ്റുപെരുകാതിരിക്കാൻ വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. തതാണ് ഡ്രൈ ഡേ !"
"അതെനിക്കും അറിയാം"
"ങാ ! എന്നിട്ടാണോ ഒന്നും അറിയാത്ത പോലെ നീ എന്താ പൊട്ടൻ കളിക്കാ കാലത്ത് ?"
" ഹാ! ചൂടാവന്റെ പൊന്നേ! നിങ്ങൾക്ക് ഇതൊക്കെ അറിയാമോന്ന് ചെക്ക് ചെയ്തതല്ലേ !"
"എന്തിന്?"
അല്ല നിങ്ങളെ ഇരട്ട ചങ്കൻ പറയണതൊക്കെ ചെയ്യുന്ന ആളല്ലേ ! "
" ഹാ അതങ്ങനെ തന്നെ. പറയുന്നതേ ചെയ്യു, ചെയ്യുന്നതേ പറയൂ"
"വല്ലാതെ ഊറ്റം കൊള്ളണ്ടാ. എന്നാ പിന്നെ തുടങ്ങിയാട്ടെ!"
"എന്തോന്ന്?"
" കുന്തം!" ദേഷ്യം ഭാവിച്ചവൾ തുടർന്നു
"മനുഷ്യാ ഇങ്ങനെ ലോക്ക് ഡൗണാനെന്നും പറഞ്ഞ് മുബേലും കുത്തി വാർത്തയും കേട്ടിരുന്നാ പോരാ"
"പിന്നേ?"
" മുഖ്യമന്ത്രി പറഞ്ഞ ആ ഡേ അങ്ങോട്ട് ആചരിച്ചാട്ടെ !"
പ്ലിംഗ്........🤪
ചിത്രം ഒന്നാം കമന്റിലുണ്ട്.😂

2017, മാർച്ച് 24, വെള്ളിയാഴ്‌ച

വേനലവധിയായി.... യാത്രകൾക്ക് തുടക്കവും.....

വേനലവധിയായി....  യാത്രകൾക്ക് തുടക്കവും......
.ഭാഗം 1 ഇവിടെ
ഭാഗം 2 ഇവിടെ

ഭാഗം 3
വെയിൽ ഉച്ചിയിൽ മസ്സാജ് തുടങ്ങിരുന്നു. റബ്ബർ കാട് പിന്നിട്ട് കോട്ടൂർ കവലയിൽ തിരിച്ചെത്തി അവിടന്നു ഇടത്തോട്ട് തിരിഞ്ഞു പോയാൽ നേരെ നെയ്യാർഡാം എത്താം. ഇത്തിരി ദൂരം വളഞ്ഞുപുളഞ്ഞു സ്വകാര്യ പുരയിടങ്ങൾ താണ്ടി ചെറിയ ചെറിയ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായ് ഒരു ലോൺലി പ്ലാനറ്റ് യാത്ര. കുറെ ചെല്ലുമ്പോഴേക്കും റോഡിൻറെ വീതി കുറഞ്ഞുവരുന്നു പൊട്ടിപൊളിഞ്ഞ ശരിക്കും കാനന പാത.
പാറക്കെട്ടുകൾ നിറഞ്ഞ ഒരിടത്തെത്തുമ്പോൾ അവിടെ മാൻ പാർക്ക്. പേരിൽ മാത്രമേ ഉള്ളു പാർക്ക്. കമ്പി വേലി കെട്ടി തിരിച്ച ഒരിടം. നൂറിലധികം മാനുകൾ ഉണ്ടിവിടെ വേലിക്കിപ്പുറം നിന്ന് കാഴ്ച്ചകാണാം . കുരങ്ങുകളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം ,കാഴ്ച്ച കാണുന്ന തിരക്കിൽ അവർ നമ്മുടെ സാധനങ്ങൾ അടിച്ചോണ്ടു പോകാനിടയുണ്ട് സൂക്ഷിക്കണം.
അവിടന്ന് വീണ്ടും മുന്നോട്ടുപോയാൽ മുതല പാർക്ക് പക്ഷെ പ്രവേശനം തടാകത്തിലെ ബോട്ട് സർവീസ് മുഖേന മാത്രം. പിന്നെ വീണ്ടു യാത്ര വഴിയിൽ ചില അണ്ണാൻ കുഞ്ഞുങ്ങളും കുരുവികളും കണ്ടു കുലുങ്ങി ആടി  പതിയെ ഡാം ലക്ഷ്യമാക്കി. പെട്ടെന്നൊരു കുലുക്കം വണ്ടിക്കു എല്ലാരും കൂടി വലത്തോട്ടു ഒരു ചാട്ടം ഒരു ഉരഗജീവി ഉടുമ്പ് പോയതാ. ഫോട്ടം പിടിക്കാൻ പെട്ടി എടുക്കുമ്പോഴേക്കും കുറ്റികാട്ടിൽ മറഞ്ഞു. തിരുവന്തപുരത്തെ തുറന്ന ജയിൽ ഇവിടെയാണ്, കേറാൻ ഭാഗ്യമില്ലാത്തോണ്ട് കവാടം കണ്ടു പോകാം. ഒരു ജയിൽ ബസ് ഇറങ്ങി വന്നു കുറച്ചാളുകൾ ഉണ്ടതിൽ. തീർത്തും പൊട്ടിപൊളിഞ്ഞ റോഡിലൂടെ വല്ലാതെ കഷ്ടപ്പെട്ട് കടന്ന് പൊന്നു. ഓര്മ വച്ച നാൾമുതൽ കേൾക്കുന്ന ശിവാനന്ദ യോഗയുടെ ആശ്രമം ഈ വഴിയിലാണ്. ചില വിദേശികൾ അത് വഴി നടന്നു രസിക്കുന്നു.  തൊട്ടു താഴെയെത്തുമ്പോൾ നെയ്യാർ ഡാം നമുക്ക് മുന്നിൽ ആകാശം മുട്ടി നിൽക്കുന്നു.
 
 മുൻ പരിചയമുള്ളതു കൊണ്ട് പ്രധാന കവാടത്തിൽ പ്രവേശിക്കാതെ സൈഡ് വഴിയിലൂടെ ഡാമിന് മുകളിലേക്ക്. എത്രയും പെട്ടെന്ന് ടവറിലെത്തി  പാർക്ക് ചെയ്തു വിശപ്പടക്കണം. പിള്ളാര് തളർന്നു അതുകൊണ്ടു ഒച്ചയനക്കം ഇല്ല.


ഭക്ഷണം കഴിഞ്ഞു നേരെ കെടിഡിസി ഓഫീസിലേക്ക് വിട്ടു ലയൺ സഫാരി പാർക്കിലേക്ക് ബോട്ട് സർവീസ് തയ്യാറായി നിൽക്കുന്നു. പതിനാറു പേരെ കൊണ്ടുപോകും തലയെണ്ണം തികയാൻ ഞങ്ങളും വേണം. ആളോഹരി 250/- രൂപടിക്കറ്റ് എടുത്തു പിന്നെ പിടക്കെട്ടുകൾ ഇറങ്ങി താഴെ ജലാശത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലാറ്റ് ഫോമിലേക്ക്.




സുരക്ഷാ നിർബന്ധം ആവശ്യത്തിലധികം ലൈഫ് ജാക്കറ്റുകൾ ലഭ്യമാണ്. അതിന്റെ ഉള്ളിൽ സ്വയം കേറിപ്പറ്റാൻ ഇത്തിരി അധ്വാനിക്കേണ്ടി വന്നു അവിടുന്നു സർക്കസ് കളിച്ചു ബോട്ടിലേക്ക് കയറിപറ്റി. തെളിനീർ നിറഞ്ഞ നെയ്യാർ ജലാശയത്തിൽ നക്ഷത്ര തിളക്കം മിന്നിച്ചു ഓളപ്പരപ്പുകളിൽ തെന്നി ചാഞ്ചാടി സഫാരി പാർക്ക് ലക്ഷ്യമിട്ടു ബോട്ട് യാത്ര തുടങ്ങി  പതിവ് പോലെ നാനാ ബോട്ട് ഓടിക്കാൻ പാകത്തിന് ഡ്രൈവർ സീറ്റിനു അരികിൽ ഓടിയെത്തി ഡ്രൈവറുമായി  ചങ്ങാത്തം കൂടാൻ ഒരു ശ്രമം നടത്തി. പണി പാളി  ജീവൻ വച്ചുള്ള കളിയാ  മോനെ, മക്കളു  അടങ്ങി അവിടെങ്ങാനും ഇരിക്കെന്നും പറഞ്ഞു ഡ്രൈവർ അണ്ണൻ പങ്കായം പിടിചിച്ചിരിപ്പായി .

ഏതാനും മിനുട്ടുകൾ യാത്ര സഫാരി പാർക്കിൽ ലാൻഡ് ചെയ്തു. എല്ലാവരെയും അവിടെ ഇറക്കി ബോട്ട് തിരിച്ചുപോയി . പടിക്കെട്ടുകൾ കയറി വെയിറ്റ് ചെയ്യാൻ ആവ്യശ്യപ്പെട്ടിട്ടു ഒരു ജീവനക്കാരൻ മുകളിലേക്ക് നടന്നു പോയി. എന്താ ചെയ്യേണ്ടതെന്നറിയാതെ ഓരോരുത്തരും നാലുപാടും നടന്നു. 

കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു വാഹനം വന്നെത്തി.  പിന്നെ ഒരു വെപ്രാളമായിരുന്നു. വിൻഡോ സീറ്റിനു വേണ്ടി. മറ്റുള്ള യാത്രക്കാരൊക്കെ കയറിയതിനു ശേഷം ഒടുവിൽ വാതിലിനു അടുത്തു തന്നെ സീറ്റ് ഞങ്ങൾക്ക് കിട്ടി.മെല്ലെ ആ വാഹനം ഉരുണ്ടു ഒരു  ഷെഡിനുള്ളിൽ കടന്നു.മുന്നിൽ അടഞ്ഞ ഷട്ടർ, വാഹനം ഉള്ളിലെത്തിയതും പിന്നിലെ വാതിലുകൾ ആരോ കൊട്ടിയടച്ചു. എല്ലാവര്ക്കും ഒരു ആശങ്ക, അധികം ഭയപ്പെടുത്താതെ മുന്നിലെ ഷട്ടർ തുറന്നു വാഹനം മുന്നോട്ടുരുണ്ടു. മെറ്റൽ പാകിയ റോടെന്ന് തോന്നിയ വഴിലൂടെ ചെറിയ കയറ്റം കയറി പടർന്ന മരങ്ങൾക്കിടയിലൂടെ മുന്നോട്ടു. അതാ അവിടെ ഡ്രൈവർ വിരൽചൂണ്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി ഒരു സിംഹിണി  പച്ചിലകൾക്കിടയിലൂടെ ഒഴുകി വരുന്ന സൂര്യകിരണങ്ങൾ ആസ്വദിച്ചു  ഉച്ചമയക്കത്തിന് തയ്യാറാകുന്നു.



തൊട്ടടുത്ത വഴിയിലൂടെ രണ്ടു മൂന്നു സിംഹിണികൾ കൂടെ വന്നെത്തി വിരുന്നുകാരെ  സ്വീകരിക്കാൻ. പിന്നെ കുറച്ചു നേരം സല്ലാപം വിവിധ പോസുകളിൽ ഫോട്ടം പിടിത്തം, ഒട്ടും പേടിപ്പിക്കാതെ  വാഹനത്തിനരികിൽ നടന്നടുത്തു എല്ലാവരേം ഒന്നുകൂടി വീക്ഷിച്ചു മടക്കം.






സിംഹരാജാവിന്റെ മുരൾച്ച കേൾക്കുന്നു, അടുത്ത വഴിയിൽ കൂടെ  വാഹനം ശബ്ദം കേട്ട ഭാഗത്തേക്ക് തിരിച്ചു കുന്നു കയറി ഇറങ്ങി തലങ്കും  വിലങ്ങും ഒക്കെ പോയിട്ടും രാജാവ് പ്രത്യക്ഷപ്പെട്ടില്ല. എന്തോ പിണക്കമാണെന്ന് തോന്നുന്നു നിരാശരായി എല്ലാരും മടങ്ങി.

വീണ്ടും ബോട്ട് ജെട്ടിയിൽ ഇതാ വന്നെത്തി അടുത്ത കൂട്ടരെയും കൊണ്ട്.





പിന്നെയും ജലയാത്ര ചില മിനുട്ടുകൾ , അടുത്ത കരയിലേക്കു , നേരത്തെ റോഡിൽ കണ്ട ചീങ്കണ്ണി പാർക്ക്, മൂന്നുനാലു ചീങ്കണ്ണികളെ ഇവിടെ ഉള്ളു കൂട്ടിലിട്ടിരിക്കുന്നു, അല്പം നിരാശയോടെ നിന്ന ഞങ്ങളോട് ജീവനക്കാർ പറഞ്ഞു ജലാശയത്തിന്റെ അരികു പറ്റി  നടപ്പാത ഉണ്ട് അതുവഴി നടന്നാൽ മാൻ പാർക്കിലെത്തും  പോയിട്ട് തിരിച്ചെത്തുമ്പോൾ ബോട്ടും വരും. മാൻപാർക്ക് നേരത്തെ കണ്ടത് കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ടായില്ല.  പക്ഷെ മറ്റു വഴിയില്ലാത്തോണ്ട്  വെറുതെ നടക്കാൻ തീരുമാനിച്ചു മരങ്ങൾ നിറഞ്ഞ നട വഴിയിലൂടെ കൂകിവിളിച്ചും ആർത്തുവിളിച്ചും കുട്ടിപ്പട്ടാളം ആർത്തുല്ലസിച്ചു.

മാൻ പാർക്ക്  തളർന്നു തിരിച്ചെത്തിയപ്പോൾ ബോട്ട് കാത്തുകിടക്കുന്നു. തിരികെ ഡാം  റോഡിലേക്ക് .  എല്ലാവരും നന്നേ തളർന്നിരുന്നു കെടിഡിസി  റെസ്റ്ററെന്റ് ഉണ്ടിവിടെ, തല്ക്കാലം ഡിറ്റിപിസി  സ്റ്റാളിൽ നിന്നും ഓരോ ഐസ്ക്രീം കുടിച്ചു ഒന്ന് ജോറായി ഡാമിന്റെ മുകൾ പരപ്പിലൂടെ നടന്നു ഡാമിന്റെ സൗന്ദര്യം രസിച്ചു തിരികെയെത്തി തിരിച്ചിറങ്ങുന്ന വഴിയിൽ മുതല, ചീങ്കണ്ണി പരിപാലന കേന്ദ്രം ഉണ്ട് .മൂക്ക്  പൊത്തി  ഓരോ കൂട്ടിലേയും അന്തേ വാസികൾ  സുഖശയനം കിടക്കുന്ന കാഴ്ച്ച കണ്ടു പെട്ടെന്നിറങ്ങി ചിലപ്പോ വാള്  കിട്ടിയാലോ. വീണ്ടും ഡാമിന് താഴെ എത്തി പിള്ളാർക്ക് പാർക്കിൽ കേറണം, ഇനി ഒരു  അക്വാറിയം കൂടി ഉണ്ട്  കാണാൻ. ൨൦ രൂപ ടിക്കറ്റ്. തീർച്ചയായും കാണേണ്ടത് തന്നെ. വിവിധ ഇനം മൽസ്യങ്ങൾ ഇവിടെ കണ്ടു രസിക്കാം. നേരം  ഒരുപാടു പോയി . ഇനിയിപ്പോ വിഴിഞ്ഞം ബീച്ച് എത്തുമ്പോ ഇരുട്ട് വീണിട്ടുണ്ടാവും. 






 കൂടുതൽ ഫോട്ടം പിടുത്തം നടന്നില്ല ഊർജം തീർന്ന് ഫോട്ടോപെട്ടി  പണിതന്നു.
എന്തായാലും ഒരു അടിപൊളി യാത്ര തന്നെ. പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ കുടുംബമായി വിരുന്നു കരേയും  കൂട്ടി പോവുക ആസ്വദിക്കുക എല്ലാവര്ക്കും നന്ദി 






2017, മാർച്ച് 21, ചൊവ്വാഴ്ച

പിള്ളേര് പറ്റിച്ച പണി

The pre-engineers on duty

ഇന്ന് കാലത്ത് തുടങ്ങിയതാ മഴ. മഴെന്നു വച്ചാ ഇതുപോലൊരു മഴ പെയ്തിട്ടു ഇച്ചിരി നാളായ്ട്ടോ.  തകര്‍ത്തു പെയ്തു. അങ്ങ് തലസ്ഥാനത്ത് വറ്റിപോയ യമുനാ നദി പോലും കരകവിഞ്ഞ് ഒഴുകി   തുടങ്ങിട്ട് നാളുകുറെയായി എങ്കിലും ഇങ്ങു തെക്ക് ഇന്നെതെത് പോലൊരെണ്ണം ഇന്ന് മാത്രം. ഏഴര വെളുപ്പിനെ തൊടങ്ങിയതാ, മാനത്തെ നക്ഷത്രങ്ങള്‍ ഒന്നടങ്കം പൊഴിഞ്ഞു വീഴും പോലെ. എപ്പോഴോ ചെയ്യ്ത പുണ്യം (അതോ കുട കടം തന്ന ടീച്ചറിന്റെ ദയ  കൊണ്ടോ?) നനയാണ്ട് കലാലയം വന്നെത്തി.
ദിവസവും ഒരു പത്ത് മുപ്പത്തേഴു  ഡിഗ്രി ഒക്കെ കത്തിതീരുന്ന ആ പഹയന്‍ സൂര്യദേവന്‍, വരുണന്റെ ഈ പേക്കോലം കണ്ടു  ഓടി ഒളിച്ചൂന്നാ തോന്നണേ,  പിന്നങ്ങോട്ട്  കറുത്തിരുണ്ട് ഒന്നും കാണാന്‍ പോലും പറ്റാതായീന്നു പറഞ്ഞാമതീല്ലോ. പുറത്ത് ചിന്നം പിന്നം പെയ്യുന്ന മഴ, അകത്തു ക്ലാസ്സ് മുറിയിൽ ഭയങ്കര ബഹളം. നമ്മളെ മാത്സണ്ണന്‍ അങ്ങോട്ട്‌ ചെന്ന് "എന്തെരടെ! അപ്പികളെ ഒരു ചന്തകൂട്ടം" (മാത്സണ്ണന്‍ തിരുവോന്തരം പാര്‍ടി ആണേ. അതാ ഒരു രാജമാണിക്കം സ്റ്റൈല്‍ )
"സാറെ വെളിച്ചം ഇല്ലാ!
"സാറെ വെളിച്ചം ഇല്ലാ! 
പിള്ളാര്‌ കോറസ് പാടി. ശരിയാ ആകെ ഇരുട്ടാണ്‌ ലൈറ്റ് ഇടാതെ പറ്റത്തില്ല.
" എന്നെ പിന്നെ ലൈറ്റ് കളൊക്കെ ഇട്ടോടെ"
 ലൈറ്റ് ഇടാന്‍ സ്വിച്ചിടാൻ നോക്കുമ്പോ അത് ഇട്ടിട്ടുണ്ട്.  ലൈറ്റ് ഒന്നും കത്തൂന്നില്ല, ഫാനോക്കെ കറങ്ങൂന്നുംണ്ട്.
 "പെട്ടെന്ന് മിന്നി അണഞ്ഞു പോയതാ സാറെ" ആരോ വിളിച്ചുപറഞ്ഞു.
"ശ്ശോ! കേടായതായിരിക്കും"
  പിന്നെ ലൈറ്റ് ഒക്കെയുള്ള റൂമില്‍ മാറ്റിയിരുത്തിയിട്ട്, ക്ലാസ്സ്‌ നടത്താന്‍ ഒരു അഡോപ്പീനേയും കൂട്ടി ചെന്നപ്പോ ഉണ്ട് അവന്മാര് പിന്നെയും ബഹളം.  ലൈറ്റ്ഒക്കെ ഇവിടേയും  ഒരിമിച്ചു കേടായിരിക്ക്ണ് , സംശയം തോന്നി ക്ലാസ്സില്‍ കേറി നോക്കുമ്പം ല്ലേ! ട്യൂബ് ലൈറ്റ് ഒക്കെ കറക്കി ഓഫാക്കി വച്ചിരിക്കുന്നു. എന്താ ചെയ്ക!  ഒരു കുരുത്തവും  ഇല്ലാത്ത പിള്ളാര്‌ .ഈ പിള്ളേരുടെ ഒരു വകതിരുവേ ! ഇവനെ ഒക്കെ എന്താ  ചെയ്ക? .

2017, മാർച്ച് 20, തിങ്കളാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അനന്ദു - ഒരു സ്വപ്നാടനം അദ്യായം  ഒന്ന്  
അദ്യായം  രണ്ട്

          ഇനിയെന്തെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ ഞാൻ പുറത്തേക്കിറങ്ങി. കവലയിലെ ബസ്സ് സ്റ്റോപ്പ് നിറഞ്ഞു നവാഗതർ. നേരത്തേ വീടെത്തീട്ട് മലമറിക്കാനില്ലാത്തതു കൊണ്ടു അടുത്തു കണ്ട പീടികത്തിണ്ണയിൽ  ചിന്താവിഷ്ഠനായി ഞാൻ. നവാഗത ഗതഭാഗ്യവാന്മാരുടെ കായിക ക്ഷമത പരിശോധിക്കുന്ന ഗൗരവത്തോടെ ഓരോ ആനവണ്ടിയും അവരെയിട്ടു ഓടിച്ചു. സ്റ്റോപ്പിൽ നിന്നു കൈ കാണിച്ചാൽ മീറ്ററുകൾക്കപ്പുറം ഓടിച്ചു പോയി നിർത്തുക, ഓടി അരികിലെത്തുമ്പോൾ കയറ്റാതെ പോവുക. ഇനിയിപ്പോ കയറാനുള്ള സ്ഥലം അവിടെയെങ്ങാനുമാണോ എന്നു സന്ദേഹിച്ച് അവിടെ നിന്നാൽ സ്റ്റോപ്പെത്തുംമുമ്പേ ബസ് നിർത്തുക, അവിടേക്കു തിരിച്ചോടി എത്തുമ്പോഴേക്കും കറുത്തപുക തുപ്പി മറഞ്ഞു പോകുക. ഈ അഭ്യാസത്തിനിടയിൽ ഓട്ടപ്പന്തയം ജയിച്ച ചിലർ ഓടിക്കയറി. ചാട്ടക്കാരിൽ ചിലർ ചാടിക്കയറിയും രക്ഷപ്പെട്ടു. കായികശേഷി കുറഞ്ഞ പാവങ്ങളും പെൺകിടാങ്ങളും ശരിക്കും പെട്ടുപോയി. ഒരു മണിക്കൂറിലധികം നീണ്ട ഒളിമ്പ്യാടിനൊടുവിൽ കാഴ്ചക്കാരനായ ഞാനും ചില നാട്ടുകാരും ബാക്കിയായി. 
          ഇനിയിതു വഴി ഉടനേയെങ്ങും ബസ്സില്ലെന്ന പീടികക്കാരന്റെ മുന്നറിയിപ്പ് തിണ്ണയിൽ ആഴ്ന്ന എന്റെ വേരറുത്തു. വരത്തനായ എന്റെ ഇരുപ്പ് പീടികയിൽ വരവു വച്ചിരിക്കുന്നു.
             "ഇപ്പോ ഒരുസർക്കുലർ അപ്പുറത്ത് വരും കേറിക്കോ, ചുറ്റിയടിച്ച് ബീച്ചും കണ്ട് ഒരു യാത്ര തരപ്പെടും" 
           എന്റെ മനസ്സയാൾ വായിച്ചു. സമയം കളയാൻ നല്ല വഴി, ഞാനുടനേ മറു വശത്തേക്കു ചാടി. സമപ്രായം തോന്നിച്ച രണ്ടു പേർ അവിടെനിൽപ്പുണ്ടായിരുന്നു. പുസ്തകമോ, സഞ്ചിയോ ഒന്നും കരുതാതിരുന്ന അവർ ചിലപ്പോ നാട്ടുകാരാവും ഞാൻ സംശയിച്ചു. ഒറ്റ നോട്ടത്തിൽ സഹോദരങ്ങളാണോ എന്ന ശങ്ക രണ്ടാമതൊന്നു നോക്കുമ്പോൾ മാറും. അപ്പോഴേക്കും ആരും കയറി സമയം കളയാനാഗ്രഹിക്കാത്ത ആനവണ്ടി ഞരങ്ങി വന്നെത്തി - നിറച്ചും ആളുമായി. പാപി പോയിടമെല്ലാം പാതാളം !
ദുർദശ പരമ്പരയായി ചുറ്റുവണ്ടിയും പണി തന്നു. നഗരംകാണാനിറങ്ങിയ ഉത്തരേന്ത്യൻ യാത്രക്കാർ ബീച്ചിലേക്കു പോവുകയാണ്. ലഗ്ഗേജ്ജകളും മനുഷ്യ ഭാണ്ഡങ്ങളും വീർപ്പുമുട്ടിയ അവസ്ഥയിൽ മുൻവാതിൽ പടിക്കെട്ടുകളിൽ തന്നെ നിൽപ്പുറപ്പിച്ചു. മുരണ്ട് മുരണ്ട് മന്നോട്ടു പോയ ബസ് വിമാനത്താവള മതിൽ കെട്ടിനരികിലേക്കു ഡ്രൈവർ ചേർത്തോടിച്ചു. ചക്ക കണ്ട ആനക്കൂട്ടം കണക്കെ ഹിന്ദി വാല മുഴുവൻ ബസ്സിന്റെ ഇടതു ജനാലയിലേക്കു മറിഞ്ഞു വീണു. ഉപ്പുരസക്കാറ്റേറ്റു വാതിൽപടിയിൽ മനപ്പായസമുണ്ട് നിന്ന എന്നെ സുനാമി പാച്ചിൽ അടിതെറ്റിച്ചു. താഴെപ്പടിയിൽ നിൽക്കുന്ന നാട്ടുകാരായ രണ്ടു പേരുടേയും കാലുകളിൽ ചവുട്ടി ഞാൻ മസ്സാജ് ചെയ്തു.
          "ഹാ ചവുട്ടാതടാ" തമിഴ്പ്പടവില്ലന്മാരെ പോലെ പല്ലിനു പകരം കമ്പി മാത്രം  നിറഞ്ഞ വാ തുറന്നൊരുത്തൻ ഗർജ്ജിച്ചു." ഷൂ കൊണ്ട് ചവിട്ടാതടാ"
              "ആരു ചവുട്ടി, നീയല്ലടാ എന്നെയിട്ട് ചവുട്ടുന്നത് "
ചുള്ളനും വിട്ടില്ല. കൊള്ളാല്ലോ കഥ! ഇനിപ്പോ കുറച്ചു നേരം പോകാനുളള വകയായി. ആകാശത്തു നിന്നും അപ്പോൾ മാത്രം അടർന്നുവീണവനായി ഞാൻ സാകൂതം നോക്കി നിന്നു. തുടർന്നു നടന്ന വാക്തിരതള്ളലുകൾ കേട്ടു അന്തം കമ്മിയായി ഞാൻ, ഇവർ നാട്ടുകാരല്ല എന്നു മാത്രമല്ല എന്നെപ്പോലെത്തെന്നെ ഭാഗ്യം പുറം കാലുതട്ടിയ രണ്ടു നവാഗതന്മാരെന്ന സത്യം എന്നെ ശശിയാക്കി.
ഒരാൾ ഇന്നാട്ടുകാരൻ തന്നെ-പല്ലുകെട്ടിയവൻ.  "നല്ല തിരോന്തരം പാശാ" എതിരാളിക്ക് ഒന്നും മനസ്സിലാക്കാനുള്ള സമയം പോലും കിട്ടീല.  പാവത്തിന്റെ നിസ്സഹായവസ്ഥ കണ്ട് ഞാനിടപ്പെട്ടു
"ഹാ വിട്ടുകള അനിയന്മാരെ, തിരക്കുള്ള ബസ്സൊക്കെയാവുമ്പം ചില തോണ്ടലും ചവിട്ടുമൊക്കെ സാധാരണമല്ലേ!"
ഒരിടപെടലിനായി കാത്തിരുന്നവർ സ്വിച്ചിട്ടപോലെ നിന്നു, ഒഴിവു വന്ന ഒരു സീറ്റ് പല്ലുകെട്ടുകാരാനു ഓഫർ ചെയ്ത് ദാനശീലനായ എന്നെ നന്ദി അറിയിച്ച് മറ്റയാൾ കൈനീട്ടി.
"താങ്ക്സ്"
" ഓ! സാരമില്ലാന്നേ" തെറ്റെന്റേതല്ലേ മനസ്സ് പറഞ്ഞു. കൈ കുലുക്കി പരിചയപ്പെട്ടു "അനന്ദു"
" ചാക്കോ വർഗ്ഗീസ്" പെൻസിൽ കോലു പോലുള്ള വിരലുകൾ സ്നേഹപൂർവ്വം തെരുപ്പിടിപ്പിച്ചവൻ പരിചയപ്പെട്ടു.
"എവിടാ സ്‌ഥലം ?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"കാക്കനാട്"

"ഇവിടെങ്ങനെ എത്തിപ്പെട്ടു?

"ന്റെ ചേട്ടായി വിടുണ്ടേ. അഡ്മിഷനും വ്ടെ കിട്ടി."
"ചേട്ടായി എവിടാ താമസം "
" മുട്ടട"
"ന്നാ ശരി  ഇറങ്ങാം." സീറ്റിലിരുന്ന പല്ലുകെട്ടിയവനെ കാണുന്നില്ല, ഇടക്കെവിടെങ്ങിലും ഇറങ്ങിക്കാണും. ബസിനു പുറത്തിറങ്ങി ഞാൻ ഒരിക്കൽ കൂടി യാത്ര പറഞ്ഞു. "പോട്ടെന്നാ"
"സുഹൃത്തേ എനിക്കിവിടം വല്യ പരിചയമില്ല. വീട്ടിൽ പോയിട്ടും പ്രതേകിച്ചു പരിപാടി ഒന്നും ഇല്ല."
അതുശരി ഇവനും എന്റെ കണക്കാണല്ലോ, "കൂടുന്നോ ഒരു സിനിമ കാണാം." എന്റെ പ്ലാൻ ഞാനറിയിച്ചു
കണ്ടിട്ടു കാശൊക്കെ ഒള്ള വീട്ടീന്നാണ് തോന്നുന്നു, ഒത്താ  ഒരു ഓസ് ലോട്ടറി.
"പിന്നെന്താ ഞാനും വരാം"


2016, നവംബർ 24, വ്യാഴാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അദ്യായം  ഒന്ന്  

             പുതുകലാലയത്തിലെ ആദ്യ ദിനത്തേയ്ക്ക് . യൂണിഫോമിന്റെ നേർ വരകളിൽ നിന്നും ചിറകടിച്ചു പറന്ന മനസ്സ് വല്ലാതെ കനപ്പെട്ടിരുന്നു. കേട്ടുകേൾവികളുടെ സ്വപ്ന ഭൂവിലേക്കു, അഭ്രപാളിയിലെ വർണ്ണലോകത്തേയ്ക്കു, പുതുകൂട്ടുകൂടലിന്റെ ചങ്കുറപ്പിലേക്കു - പുതിയ അന്തരീക്ഷം പുതിയ ആളുകൾ, സാമ്പ്രതായിക പഠന വൈകൃതത്തിൽ നിന്നും സാങ്കേതികതയുടെ നിഹൂഡതയിലേക്കു തികച്ചും ഒരു പറിച്ചു നടൽ. വർഷക്കാല കാർമേഘം മാനത്തും മനസ്സിലും - ആദ്യ ദിനം, ആഭ്യാനുഭവങ്ങൾ - ഒത്താൽ പ്രണയത്തിന്റെ ആദ്യ കൂട്ടിമുട്ടലും. നഷ്ടപ്പെടരുതൊന്നും, അതു കൊണ്ട് തന്നെ അനുഭവിച്ചുറങ്ങീരുന്ന പ്രഭാത സുഖം നഷ്ടപ്പെടുവാൻ തീർച്ചയാക്കി. നേരത്തോടു നേരം എത്തിച്ചേരുവാനുള്ള തത്രപ്പാടിൽ ഇന്നോളം എന്നെ സുന്നരകോമളനാക്കിയിരുന്ന കുപ്പായങ്ങൾ ഇന്നിന്റെ ധ്വരയ്ക്കു മുന്നിൽ തകർന്നടിഞ്ഞു. പുത്തനുടുപ്പിന്റെ പരിമളം നിഷേധിച്ച പിതാവിനോടരിശം, അമ്മയെന്ന നിലാവെട്ടത്തു ഇറക്കിവച്ച് തമ്മിൽ തൊമ്മൻ പിങ്ക് നിറം ചാർത്തി പ്രണയാധുരനായി പുറപ്പെട്ടു.
           കിഴക്കേകോട്ടയുടെ അരികു ചാരി ഒന്നാം ഫ്ലാറ്റ്ഫോമിൽ നിറഞ്ഞു കവിഞ്ഞ സെൻറ് മേരീസിലെ കുഞ്ഞാടുകളെ വകഞ്ഞു മാറ്റി കടന്നൽകൂട്ടിലേക്ക് ഞാൻ കയറിക്കൂടി. ആ ലോലൻ ഇന്ദ്രാണി ഇന്നലെ പറഞ്ഞ കിളികളെ കാണാനുള്ള അത്യാഗ്രഹം പൊളിച്ചു കൊണ്ട് ദുർദശ എനിക്കു കൂട്ടുവന്നു. കുത്തിനിറച്ച കുഞ്ഞാടുകളേയും എന്നേയും വിഴുങ്ങി ആനവണ്ടി നഗരം പ്രദിക്ഷണം തുടങ്ങി. ഏതാണ്ട് 20 മിനുട്ടുകൾ പിന്നിട്ടപോൾ തന്നെ കുഞ്ഞാടുകൾ കൂടണഞ്ഞു. കാണാപ്പൂരത്തിന്റെ ദിവാസ്വപ്നങ്ങളിലേക്കു ഞാനും.
          'നവാഗതർക്കു സ്വാഗതം' എന്ന വിവിധ വർണ്ണത്തിലെ ബാനറുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി, എത്തിയിരിക്കുന്നു ഞാനെത്തേണ്ട ഇടം. മനസ്സിൽ പെയ്ത പെരുമ്പറ മുഴക്കത്തിൻ അകംപടിയോടെ ഞാൻ ആദ്യചുവടു വച്ചു. 
        " ഹേ കലാലയമേ എന്നെ ഉൾകൊണ്ടാലും വരും നാളുകളിലെ നന്മതിന്മകൾക്കായി എന്നെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു '' 
            വെള്ളയും നീലയും കാവിയും വർണ്ണവിതാനം തീർത്ത ഉറക്കം തൂങ്ങി മരങ്ങൾ പൊഴിച്ച ഇലച്ചാർത്തുകൾ ചവുട്ടി ഞാൻ പ്രധാനമന്ദിരത്തിലേക്ക് എന്റെ നിഴലുകളാം സഹപാഠികളെ പിൻതുടർന്നു. ചെറുക്കൂട്ടങ്ങളായി ചിലർ, ഒറ്റ-തെറ്റയായി ചിലർ, എന്തിനോ വേണ്ടി തിരക്ക് കൂട്ടന്നവർ ചിലർ അതിനിടയിൽ ഒരാളായി ഞാനും. ഒരാരവം കേൾക്കുന്നു മഴ പെയ്തൊഴിവതു പോൽ, ഇല്ല പുറത്ത് സൂര്യന്റെ നല്ലവിളയാട്ടം. പിന്നെന്താ ആ ആരവം. അപ്പോഴേക്കും ചെവികളെ തുളച്ചു ഇടിവെട്ട് കണ്ഠങ്ങൾ ഏറ്റുചൊല്ലി "ഈ ൻ ക്വിലാബ് സിന്ദാബാദ് "
"ഈ ൻ ക്വിലാബ് സിന്ദാബാദ് "
ഒരു പറ്റം വിദ്യാർത്ഥി പ്രവർത്തകർ എന്നെ തള്ളി മാറ്റിക്കടന്നു പോയി. ആരവമൊഴിഞ്ഞ ഓഫീസ് വരാന്തയിൽ തനിച്ചായ എന്നെ രണ്ടു കണ്ണുകൾ കൊമ്പൻ മീശക്കിടയിലൂടെ സൂം ചെയ്തു.
"ഏതാ ക്ലാസ്സ് ?" കനത്ത ശബ്ദം ആരാഞ്ഞു.
"പുതിയതാ'' ശബ്ദം വിറപൂണ്ടതായി.
'' അതു മനസ്സിലായി, ഏതാവിഷയം?''
ഓഅതാണു ഇവിടെ അടയാളം ''ഇലക്ട്രിക്കൽ "
"നേരേപോയി വലതുവശത്തെ ബ്ലോക്കിലോട്ടു പോയ്ക്കോ" തല വിറച്ച് ഞാനിങ്ങി.
കാലത്തിന്റെ വരകൾ നിറംകെടുത്തിയ മഞ്ഞഛായത്തെ ബ്ലാക്കാൻറ് വൈറ്റ് ക്യാൻവാസാക്കി നാലു മന്ദിരങ്ങൾ. വലതു വശത്തു ആദ്യത്തേതു എന്നെ തുറിച്ചു നോക്കിയോ? പതിഞ്ഞ ചുവടുകൾ താണ്ടി മെല്ലെ നടന്ന എനിക്കു പിന്നിൽ ആരവം അകമ്പടി യെത്തി. പതിയെ ആ കൂട്ടം എന്നെ മറികടന്ന് അതിന്റെ ഗർഭത്തിലേക്ക് ആഹരിച്ചു കൊണ്ടുപോയി. ബ്ലോക്കുകളിൽ നിന്നും ബ്ലോക്കുകളിലേക്ക്.... നടുമുറ്റത്തേക്ക്..... ഇടനാഴികളിലേക്ക് ..... ഒരു കൂട്ടരിൽ നിന്നും ഊർന്നിറങ്ങി മറ്റൊരു കുട്ടരിലേക്ക്, വീണ്ടും അടുത്ത കൂട്ടരിലേക്ക് പകർന്ന് പകർന്ന് ഞാനറിയാതെ ഒരു ഊർജ്ജം എന്നിലേക്ക് പകർത്തപ്പെട്ടിരിക്കുന്നു. ആർത്തു ഞാൻ "ഈ ൻ ക്വിലാബ് സിന്ദാബാദ് "

എത്ര നേരം കടന്നു പോയി എന്നറിയില്ല, ആരവമൊഴിഞ്ഞു പൂരപ്പറമ്പിൽ ഏകനായി ഞാൻ, എന്നെ വീണ്ടെടുത്തു ഓടി ക്ലാസ്സിലേക്ക്.
"ഡ്രീം ഡ്രീം ഡ്രീം - ........" ഇതെന്താ സിനിമാകൊട്ടക യോ അന്തിച്ചു നിന്ന എന്നെ നോക്കി നൂറുകണക്കിനു കണ്ണുകൾ. ആദ്യ ദിനത്തിലെ ആദ്യ പീരിയഡ് കഴിഞ്ഞു. എല്ലാവരും പുറത്തേക്ക്. ഇനിയെന്തു ചെയ്യും?
*************************

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

Related Posts Plugin for WordPress, Blogger...